X
    Categories: indiaNews

കര്‍ണാടകയില്‍ 842 പേര്‍ പത്രിക സമര്‍പ്പിച്ചു; മിക്കവരും കോടിപതികള്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. ഇന്നലെ വരെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 842 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമി, സഹോദരന്‍ എച്ച്.ഡി രേവണ്ണ, ഭവന വകുപ്പ് മന്ത്രി വി സോമണ്ണ, യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു.

വലിയ റോഡ് ഷോയോടു കൂടിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. 198 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും 195 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജെ. ഡി.എസിന്റെ 86 പേരും ചെറു പാര്‍ട്ടികളില്‍ നിന്നും 134 പേരും 161 സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. നാളെയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലെത്തിയതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. ഇത്തവണ കര്‍ണാടകയില്‍ കോടീശ്വരന്‍മാരുടെ പോരാട്ടമാണ് നടക്കുന്നതെന്ന് പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്‍. ഹൊസകോട്ടെ സ്ഥാനാര്‍ത്ഥിയായ നാഗരാജുവിന് 1641.5 കോടിയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മന്ത്രിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 599.5 കോടി രൂപയുടെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. 372.42 കോടിയുടെ സ്ഥാവര വസ്തുക്കളും 798.38 കോടിയുടെ ജംഗമ വസ്തുക്കളും ഭാര്യ ശാന്തകുമാരിക്ക് 163.78 കോടിയുടെ സ്ഥാവര വസ്തുക്കളും 274.97 കോടിയുടെ ജംഗമ വസ്തുക്കളും ഉണ്ട്. കനകപുരയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ച കോ ണ്‍ ഗ്രസ് സം സ്ഥാന അധ്യക്ഷ ന്‍ ഡി.കെ ശിവകുമാറിന് 1358 കോടിയുടെ ആസ്തിയുണ്ട്. 2018നു ശേഷം 62 ശതമാനത്തിന്റെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. അതേ സമയം 234 കോടിയുടെ ബാധ്യതകളും ശിവകുമാറിനുണ്ട്. 970 കോടിയുടെ സ്ഥാവര വസ്തുക്കളും 941 കോടിയുടെ ജംഗമ വസ്തുക്കളും ഡി.കെയുടെ പേരിലുണ്ട്. രാജേശ്വരി നഗറില്‍ മത്സരിക്കുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിന് 293 കോടിയുടെ ആസ്തിയാണ് കാണിച്ചിട്ടുള്ളത്. 2018നു ശേഷം 250 കോടി രൂപയുടെ വര്‍ധനവാണ് നായിഡുവിന്റെ സമ്പത്തില്‍ രേഖപ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി 181 കോടി രൂപയുടെ ആസ്തിയാണ് പത്രികയില്‍ കാണിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 18 കോടിയുടെ വര്‍ധനവ്. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് 126.18 കോടിയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി രേവണ്ണക്ക് 31.61 കോടിയുടെ ആസ്തിയും രേഖപ്പെടുത്തിയിടുണ്ട്. ചിക്‌പേട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാസിയ തരന്നുമിന് 1622 കോടിയുടെ ആസ്തിയാണുള്ളത്.

webdesk11: