ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്‍ ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. കാവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 21 നായിരുന്നു രാധാകൃഷ്ണ നഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. 37% വോട്ടോടെ ദിനകരന്‍ ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്‍ 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 59 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ ആസ്പത്രി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ പക്ഷനേതാവായ പിവി വെട്രിവേല്‍ ആണ് ജയലളിതയുടെ ആസ്പത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.