ന്യുഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് മുന്‍ കരസേന ഉദ്യോഗസ്ഥന്റെ കൊലപാതക പരമ്പര. ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ് രണ്ടുമണിക്കൂറിനുള്ളില്‍ ആറുപേരുടെ ജീവനെടുത്ത മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ധന്‍കര്‍ എന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
രണ്ട് മണക്കൂറിനുള്ളില്‍ ആറ് പെരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആറുകൊലപാതകങ്ങളും ചെയ്തത് ഒരാള്‍ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. ആദര്‍ശ് നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെയാണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് വ്യക്തമാണ്. പല്‍വാല്‍ നഗരത്തിന്റെ ഉള്‍ഭാഗത്താണ് ഈ കൊലാപതക പരമ്പര അരങ്ങേറിയത്.
ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ നരേഷ് പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി കൊണ്ട് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി.
2003 ലായിരുന്നു നരേഷ് സൈന്യത്തില്‍നിന്നും വിരമിച്ചത്. ശേഷം 2006 ല്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്‌മെന്റല്‍ എഡിഒ ആയി ജോലി ചെയ്തു. നിലവില്‍ എസ്ഡിഒ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.