X
    Categories: indiaNews

‘സമ്പൂര്‍ണ സമ്മതം’: ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത പാര്‍ട്ടി അദ്ധ്യക്ഷന്‍ വരട്ടെ എന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള അധ്യക്ഷന്‍ വരട്ടെ എന്ന രാഹുല്‍ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി സഹോദരി പ്രിയങ്ക ഗാന്ധി. ഒരുപക്ഷേ ഇക്കാര്യം അദ്ദേഹത്തിന്റെ രാജിക്കത്തില്‍ ഇല്ലായിരിക്കാം. എന്നാല്‍ തങ്ങളില്‍ നിന്ന് ഒരാളും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. താന്‍ അതിനോട് സമ്പൂര്‍ണമായി യോജിക്കുന്നു- എന്നാണ് പ്രിയങ്ക പറഞ്ഞത്. പാര്‍ട്ടി അതിന്റെ വഴി സ്വന്തം കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദീപ് ഛിബ്ബര്‍, ഹര്‍ഷ് ഷാ എന്നിവര്‍ തയ്യാറാക്കിയ ഇന്ത്യ ടുമോറോ: കണ്‍വര്‍സേഷന്‍ വിത്ത് ദ നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്‌സ് എന്ന പുസ്തകത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായാണ് പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ പ്രിയങ്ക മനസ്സു തുറക്കുന്നത്.

‘നാളെ പുതിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ വന്ന് എന്നോട് ഉത്തര്‍പ്രദേശില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്ക് പോകാന്‍ പറഞ്ഞാലും ഞാന്‍ സന്തോഷത്തോടെ കേള്‍ക്കും’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. ഓഗസ്റ്റ് പത്തിന് സോണിയ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കുകയും ചെയ്തു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ സോണിയ പദവിയില്‍ ഇരിക്കുമെന്ന് ഈയിടെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

അതിനിടെ, രാഹുല്‍ വീണ്ടും പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഇതിന് സമ്മതം മൂളിയിട്ടില്ല.

Test User: