തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് 450 പേര്‍. അതേസമയം സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. 2017 മുതല്‍ 2019 വരെ മൂന്നുവര്‍ഷത്തിനിടെ 334 പേരാണ് മരിച്ചത്. എന്നാല്‍ 2020, 21 വര്‍ഷങ്ങളില്‍ ഇത് 116 പേര്‍ മാത്രമാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ശരാശരി മൂവായിരത്തോളമാണ്.
പാമ്പ് കടിയേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമായി 1657 പേര്‍ക്ക് ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നതിനുള്ള പരിശീലനം നല്‍കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത് 928 പേര്‍ക്ക് പാമ്പ് പിടിക്കാന്‍ ലൈസന്‍സ് നല്‍കി.2012 മുതല്‍ 2021 വരെ വന്യമൃഗങ്ങള്‍കാരണം 1088 പേര്‍മരിച്ചതായും മന്ത്രി വെളിപ്പെടുത്തി.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള കര്‍മ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് 1600 അഭിപ്രായങ്ങള്‍ രേഖാമൂലം ലഭ്യമായിട്ടുണ്ട്. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി എട്ടിന പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒപ്പം അടുത്ത പത്ത് വര്‍ഷത്തേക്ക് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 1150 കോടിരൂപയുടെ പദ്ധതി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്.