ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ ലോക്‌സഭ മുന്‍ സ്പീക്കര്‍ കൂടിയായ മീരാകുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടത് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡാണ് മീരയുടെ പേരില്‍ കുറിക്കപ്പെട്ടത്. കോവിന്ദിനോട് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാ മീരാകുമാര്‍ തോറ്റ സ്ഥാനര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടിന്റെ 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.
തെരഞ്ഞെടുപ്പില്‍ ആകെ 10.69 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 3.67 ലക്ഷം വോട്ടുകളാണ് മീരാകുമാര്‍ നേടിയത്. ഇതുവരെ മല്‍സരിച്ച പരാജിത സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച കൂടിയ വോട്ട്.
അതേസമയം, ബിജെപി നേതൃത്വം അവകാശപ്പെട്ടതുപോലെ 70 ശതമാനം വോട്ടുകളുടെ വന്‍ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് നേടാനായില്ലെങ്കിലും രണ്ടാമത്തെ ദളിത് പ്രസിഡന്റ് എന്ന റെക്കോര്‍ഡ് കോവിന്ദ് കരസ്ഥമാക്കി. 65.65 ശതമാനം വോട്ടുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ കോവിന്ദിന് ലഭിച്ചത്. മുന്‍ രാഷ്ട്രപതിമാര്‍ക്ക് കോവിന്ദിനേക്കാളും വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നതും തിരിച്ചടിയായി.