X

ഇതര സംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികളുള്‍പെടെ പ്രതിസന്ധിയില്‍; അവധിക്കാലത്ത് മതിയായ യാത്രാസൗകര്യങ്ങളില്ല

കോഴിക്കോട്: ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് ലഭിക്കാനില്ലാത്ത വിധം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പ്രതിസന്ധികളിലായതോടെ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ നേട്ടോട്ടത്തില്‍. ബംഗളുരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള യാത്രക്കാര്‍ മലബാര്‍ മേഖലകളില്‍ എത്താന്‍ ഏറെ പണിപ്പെടേണ്ട സാഹചര്യമാണ്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസീല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വിസുകള്‍ ഇല്ലാതായതാണ് പ്രയാസമുണ്ടാക്കുന്നത്്. വിദ്യാര്‍ഥികളുള്‍പ്പെടെ അധിക സര്‍വീസില്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ്.

ഇന്ന് കോളജുകള്‍ അടക്കുമെന്നതിനാല്‍ യാത്രാ സൗകര്യം ലഭിക്കാതെ നെട്ടോട്ടമോടുകയാണ് വിദ്യാര്‍ഥികള്‍.കോഴിക്കോടു നിന്ന് രണ്ടിടങ്ങളിലേക്കുമായി 23സര്‍വിസുകളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവധിക്കാലമായാല്‍ ഏഴോ എട്ടോ ബസുകള്‍ അധികൃതര്‍ അഡീഷ്ണലായി അനുവദിക്കാറുമുണ്ട്. എന്നാല്‍ കോഴിക്കോടുനിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് അവധിക്കാലത്ത് നടത്തുന്ന പ്രത്യേക സര്‍വിസുകള്‍ അനുവദിക്കാത്തതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. നിലവില്‍ ടിക്കറ്റുകളെല്ലാം ബുക്കിങ് കഴിഞ്ഞതാണ് സാഹചര്യം. അധിക സര്‍വിസിനായി കാത്തിരുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ അവധിക്ക് നാട്ടിലേക്കെത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.

കെ.എസ്.ആര്‍.ടി.സിക്ക് രണ്ടാഴ്ച്ച മുമ്പ് തന്നെ ബുക്കിങ് മുഴുവനായതിനാല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. സ്വകാര്യ ബസ്സുകളാവട്ടെ, ഇരട്ടിയിലധികം നിരക്കുകളാണ് ഈടാക്കുന്നതും. എക്സ്പ്രസിന് സുല്‍ത്താന്‍ ബത്തേരിവഴി കോഴിക്കോടെത്താന്‍ 447ഉം മാനന്തവാടി വരുന്ന ബസ്സിന് 490 മാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഈടാക്കുന്നത്. എന്നാല്‍ 1500, 2000 രൂപ വരെയാണ് സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസില്ലാത്തതിനാല്‍ യാത്രക്കാരെ പിഴിയുകയാണ് സ്വകാര്യ ബസ്സുകള്‍.

അഡീഷ്ണലായി അയക്കാന്‍ ബസ്സില്ലാത്തതിനാലാണ് യാത്രക്കാരെ വലച്ചതെന്ന് കെ.എസ്.ആര്‍.ടിസി ജീവനക്കാരന്‍ പറയുന്നു. ശബരിമല സീസണില്‍ അധികമായി അനുവദിക്കാന്‍ ബസ്സുകളില്ലാത്തതിനാല്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബസ്സുകള്‍ ശബരിമലയിലേക്ക് അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പകരമായി കോഴിക്കോടുനിന്നും സര്‍വിസ് നടത്താനും ബസ്സുകളില്ലാത്ത സാഹചര്യം വന്നു. ഇന്നോ നാളെയോ മറ്റു ഡിപ്പോകളില്‍ നിന്നും ഒന്നോ രണ്ടോ ബസ്സുകളെത്തി അധിക സര്‍വിസ് ആരംഭിക്കുമെന്നാണ് വിവരം.

എന്നാല്‍ രണ്ടു ബസ് അനുവദിച്ചാല്‍ തീരുന്നതല്ല യാത്രാ പ്രശ്നമെന്നതാണ് വസ്തുത. കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ഫ്ളെക്സി ചാര്‍ജുകള്‍ ഈടാക്കി സ്പെഷ്യല്‍ സര്‍വിസ് നടത്തുന്നതുപോലെ കോഴിക്കോട്ടേക്കും ഇത്തരത്തിലുള്ള സര്‍വിസുകള്‍ നടത്തണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം. ഫ്ളെക്സി ചാര്‍ജുകള്‍ ഈടാക്കിയാലും സ്വകാര്യബസ്സുകളെപ്പോലെ യാത്രക്കാരെ പിഴിയുന്ന സാഹചര്യം ഉണ്ടാവില്ലെന്നതാണ് യാത്രക്കാര്‍ പറയുന്നത്.

Test User: