ചങ്ങനാശേരി ബിവറേജിനുസമീപം തൃക്കൊടിത്താനം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശേരി പുഴവാത് ഭാഗത്ത് ആനന്ദപുരത്ത് വാര്യം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്‌ണവാര്യർ (36) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റുചെയ്‌തത്.
തൃക്കൊടിത്താനം പ്ലാംപറമ്പിൽ അഭിലാഷ് (45) എന്നയാളെ നവംബർ 13ന് ചങ്ങനാശേരിയിലെ ബിവറേജിന് സമീപം അവശനിലയിൽ കാണപ്പെടുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ എട്ടിന് ഇയാൾ മരിച്ചു. മരണത്തിൽ സംശയം തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർചെയ്‌തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
നവംബർ 13ന് ജോസഫ് സേവ്യറും, ഉണ്ണികൃഷ്‌ണവാര്യരും, അഭിലാഷും ചേർന്ന് മദ്യപിക്കുകയും ഇതിനിടയിൽ ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ജോസഫ് സേവ്യറും, ഉണ്ണികൃഷ്‌ണവാര്യരും ചേർന്ന് അഭിലാഷിനെ ക്രൂരമായി മർദക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്‌തു. മർദനത്തിൽ അഭിലാഷിന്റെ വാരിയെല്ലുകൾക്ക് പൊട്ടലും സംഭവിച്ചിരുന്നു. തുടർന്ന് അന്വേഷണസംഘം പ്രതികൾക്കുവേണ്ടി നടത്തിയ തെരച്ചിലിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. ചങ്ങനാശേരി സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐമാരായ തോമസ് ജോസഫ്, പ്രസാദ് ആർ നായർ, എഎസ്ഐമാരായ രഞ്ജിവ് ദാസ്, ജീമോൻ മാത്യു, സിപിഒമാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അനിൽകുമാർ, അനീഷ് കുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്‌തു.