X
    Categories: indiaNews

ബംഗാളില്‍ ഇനി മുഖ്യമന്ത്രി ചാന്‍സലര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ പദവി ഇനി മുഖ്യമന്ത്രിക്ക്. ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയിലേക്ക് മാറ്റുന്നതിനായുള്ള ബില്ലിന് സംസ്ഥാന നിയമസഭ അംഗീകാരം നല്‍കി. പ്രതിപക്ഷമായ ബി.ജെ.പി ബില്ലിനെതിരെ പ്രതിഷേധിച്ചെങ്കിലും 40ന് എതിരെ 183 വോട്ടുകള്‍ക്ക് ബില്‍ പാസായി.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ നിയമനം അടക്കം പല കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാറുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ജഗദീഷ് ധന്‍കറിനെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നീക്കം ആരംഭിച്ചിരുന്നു. ബില്‍ നിയമമാകണമെങ്കില്‍ ഇനി ഗവര്‍ണറുടെ അംഗീകാരം ലഭിക്കണം. എന്നാല്‍ പ്രതിപക്ഷ സര്‍ക്കാറുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചു വെക്കുകയും ദീര്‍ഘകാലത്തിനു ശേഷം രാഷ്ട്രപതിക്ക് അയച്ചു നല്‍കുകയുമാണ് പതിവ്.

നിലവില്‍ ഗവര്‍ണര്‍മാരാണ് സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ പദവി അലങ്കരിക്കുന്നത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം ഗവര്‍ണറില്‍ നിന്നും സംസ്ഥാന സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കുന്നതിനായി കഴിഞ്ഞ മാസം തമിഴ്‌നാട് സര്‍ക്കാറും ബില്ല് പാസാക്കിയിരുന്നു.

Chandrika Web: