പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് വീണ്ടും കനത്ത തിരിച്ചടി. ഗരുലിയ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലെ മൂന്ന് ബി. ജെ.പി സ്ഥാനാര്‍ത്ഥികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗരുലിയ ഉള്‍പ്പെടെ 108 മുനിസിപ്പാലിറ്റികളിലേക്ക് ഈമാസം 27 നാണ് വോട്ടെടുപ്പ്. മുന്‍ എം.എല്‍. എ സുനില്‍ സിങ്, മകന്‍ ആദിത്യ, ഗരുലിയ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ സൗരഭ് സിങ് എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്നത്.
ശനിയാഴ്ച മൂവരും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ബരാക്പൂരിലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിങിന്റെ ബന്ധുക്കളാണ് ഇവര്‍. ഗരുലിയ മുനിസിപ്പാലിറ്റിയിലെ 12, 17, 18 വാര്‍ഡുകളിലായിരുന്നു ഇവര്‍ ബി.ജെ.പി ടിക്കറ്റില്‍ പത്രിക സമര്‍പ്പിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയുണ്ടെന്നും സ്വയം പ്രഖ്യാപിത നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സൗരഭ് സിങ് പ്രതികരിച്ചു. ബംഗാള്‍ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെയും നൈഹാത്തി എം.എല്‍.എ പാര്‍ത്ഥ ഭൗമികിന്റെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി വിട്ടവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അര്‍ജുന്‍ സിങിന്റെ പ്രതികരണം.
‘തൃണമൂല്‍ അവര്‍ക്ക് പ്രലോഭിപ്പിക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയെ ഒറ്റുകൊടുത്തു. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി ടിക്കറ്റുകള്‍ക്കായി യാചിച്ചവരാണ് ഇവരെല്ലാം. ഇപ്പോള്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി- അര്‍ജുന്‍ സിങ് പറഞ്ഞു. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ ഖരഗ്പൂര്‍ പ്രദേശത്ത് നിന്ന് അടുത്തിടെ 200 പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നിരുന്നു.
കള്ളക്കേസുകള്‍ ചുമത്തി സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ബി.ജെ. പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു.