കെ.പി.ജലീല്‍
അയോധ്യ
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിച്ച ഉത്തര്‍പ്രദേശിലെ ബാബരിമസ്ജിദ് തകര്‍ച്ചക്ക് ശേഷം അയോധ്യയില്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് എല്ലാം ശുഭകരമാണോ ? അല്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഫൈസാബാദ്, അയോധ്യ എന്നീ ഇരട്ട നഗരങ്ങളില്‍ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരുടെ സംഖ്യ ഒട്ടും കുറവല്ല. നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു. പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഓം പ്രകാശ് സാഹ്നിക്കും പറയാന്‍ മറ്റൊന്നില്ല .എന്നാല്‍ എന്തു സംഭവിച്ചാലും ഹിന്ദുവിന്റെ പാര്‍ട്ടിക്കേ വോട്ടു ചെയ്യൂവെന്ന് കര്‍സേവകനെന്നവകാശപ്പെട്ട വഴിയോര കച്ചവടക്കാരന്‍ രാം പുലാവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തുമുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്‍വാര്‍ പറഞ്ഞു. ‘ഹം കോ ബഹുത് പരേശാന്‍ ഹേ. ഹം ക്യാ കര്‍ ലോ’ കഷ്ടതകള്‍ തുറന്നു പറയുകയാണ് സാധാരണക്കാരിലധികം പേരും .അഞ്ചു കിലോമീറ്റര്‍ വ്യത്യാസമുണ്ട് ഫൈസാബാദ്, അയോധ്യ ഇരട്ടനഗരങ്ങള്‍ക്ക്. രണ്ടിടത്തുമായി 2 ലക്ഷത്തോളം മുസ്്‌ലിംകളും 2000 ഓളം പള്ളികളുമുണ്ട്. എങ്കിലും 54 പള്ളികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പലതും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് അടച്ചിട്ടിരിക്കുകയാണ്. 10 ശതമാനം പേര്‍ മാത്രമാണ് മുസ്്‌ലിംകളില്‍ വിദ്യാഭ്യാസവും സ്ഥിര വരുമാനവുമുള്ളവര്‍. ബി.ജെ.പിയെ മുസലിംകളിലെ 99 ശതമാനം പേരും എതിര്‍ക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയെയാണ് അവര്‍ പിന്തുണക്കുന്നത്. എന്നാല്‍ അവര്‍ക്ക് ഞങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് അയോധ്യ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലും എഞ്ചിനീയര്‍ ആരിഫും പറഞ്ഞു. ഫൈസാബാദ് ജില്ലയുടെ പേര് മൂന്നു വര്‍ഷം മുമ്പാണ് അയോധ്യയെന്ന് യോഗി സര്‍ക്കാര്‍ മാറ്റിയത്.
രാമക്ഷേത്ര നിര്‍മാണം നടക്കുന്നിടത്ത് ഭക്തരുടെ വലിയ നിര കണ്ടു. (ശീരാം ലല്ല സര്‍ക്കാര്‍ കീ ജയ് വിളികള്‍ അവിടെയും മുഴങ്ങുന്നു. തറപ്പണിയാണ് ഇപ്പോള്‍ അകത്ത് നടക്കുന്നത്. തണുപ്പു കാലം മാറിയതോടെ തീര്‍ത്ഥാടകര്‍ കൂട്ടമായി എത്തുന്നു. അകത്ത് പ്രവേശിക്കാന്‍ പക്ഷേ നാല് ചെക്കിങ് കേന്ദ്രങ്ങള്‍ കടക്കണം. അകത്തും പുറത്തുമായി നൂറുകണക്കിന് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. യു.പി പൊലീസിന് പുറമെ കുപ്രസിദ്ധമായ യു.പി. സര്‍ക്കാരിന്റെ പി.എ.സി ബറ്റാലിയനും കാവലിനുണ്ട്. ചിത്രമെടുക്കാനോ വസ്തുക്കള്‍ കൊണ്ടുപോകാനോ അനുവാദമില്ല. ശതകോടികള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ചെലവിടുമ്പോഴും റോഡ്, ശുചീകരണം, തൊഴില്‍ തുടങ്ങിയവയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പരക്കെയുണ്ട്. ഭാവിയില്‍ വന്‍ തീര്‍ത്ഥാടന കേന്ദ്രമാകുമ്പോള്‍ സൗകര്യം ഇത് മതിയാവില്ല.
സുപ്രീം കോടതി ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന് പകരം അനുവദിച്ച ധനിപൂരിലെ 5 ഏക്കറില്‍ പള്ളിക്കും ആശുപത്രി സമുച്ചയത്തിനും കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തറക്കല്ലിട്ടിരുന്നു. അയോധ്യയ്ക്ക് തൊട്ടടുത്താണ് മുഖ്യമന്ത്രി ആദിത്യ നാഥിന്റെ ഗോരഖ്പൂര്‍ മണ്ഡലം. രണ്ടിടത്തും 27 നാണ് വോട്ടെടുപ്പ്.