ഗുവാഹത്തി: ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷം ബാഗിലടച്ച് കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തി. സംഭവത്തില്‍ 26 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അസമിലെ കച്ചാര്‍ ജില്ലയിലാണ് ക്രൂര കൃത്യം അരങ്ങേറിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ ആക്കിയ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
ഒക്ടോബര്‍ മൂന്നിന് മറ്റു ചിലരോടൊപ്പം ദുര്‍ഗ പൂജ പന്തലിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ഒക്ടോബര്‍ നാലിന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ അന്ന് വൈകീട്ടു പെണ്‍കുട്ടി അവശ നിലയില്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലും ശരീരത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താനായി കഴുത്തറുത്ത ശേഷം ബാഗില്‍ അടച്ച് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.