X

അസമിൽ റെയിൽവേ ഭൂമി കൈയേറിയെന്നാരോപിച്ച് 8,000 മുസ്‍ലിംകളുടെ വീടുകൾ പൊളിച്ചുമാറ്റി; ഹിന്ദുകുടുംബങ്ങളുടെ വീടുകൾ തൊടാതെ അധികൃതർ

അസമിലെ മോറിഗാവ് ജില്ലയിലെ സില്‍ബംഗ ഗ്രാമത്തില്‍ റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് അധികൃതര്‍ 8,000 മുസ്‌ലിംകളുടെ വീട് തകര്‍ത്തു. ഇക്കഴിഞ്ഞ ജൂണില്‍ കനത്ത മഴക്കിടെയിലായിരുന്നു അധികൃതര്‍ ഏകപക്ഷീയമായി നൂറുകണക്കിന് വീടുകള്‍ തകര്‍ത്തത്.

വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ വീടുംകിടപ്പാടവും നഷ്ടപ്പെട്ട ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ ആവാസ കേന്ദ്രമായിരുന്നു പ്രവര്‍ത്തനക്ഷമമല്ലാത്ത റെയില്‍വേ ലൈനിനു സമീപം സ്ഥിതി ചെയ്യുന്ന സില്‍ബംഗ.

തലമുറകളായി ഇവിടെ താമസിക്കുകയാണെന്ന് 10 ാംക്ലാസ് വിദ്യാര്‍ഥിനിയായ മാമോദി ബീഗം പറയുന്നു. മുത്തശ്ശനടക്കം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ ജനിച്ചതും ഈ വീട്ടിലായിരുന്നു. വീട് പൊളിച്ചുമാറ്റിയതോടെ പോകാന്‍ ഇടമില്ലാതിരിക്കുകയാണെന്നും ബീഗം പറഞ്ഞു. എന്നാല്‍ അവിടെ താമസിക്കുന്ന ഹിന്ദുകുടുംബങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവരുടെ വീടുകള്‍ ഇപ്പോഴുമുണ്ടെന്നും ബീഗം മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല ഒരു ക്ഷേത്രവും ആശ്രമവും റെയില്‍വേയുടെ ഭൂമിയിലുണ്ട്. അതൊന്നും ആരും പൊളിച്ചുമാറ്റിയിട്ടില്ല. ബംഗാള്‍ വംശജരായ മുസ്‌ലിം കുടുംബങ്ങളൊണ് അധികൃതര്‍ ലക്ഷ്യമിട്ടതെന്നും അവര്‍ ആരോപിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്‌റസ നിരപ്പാക്കി. മസ്ജിദിന്റെ മതില്‍ തകര്‍ത്തു. എന്നാല്‍ കാളി മന്ദിറും ആശ്രമവും ആരും തൊട്ടില്ല. 52കാരനായ അബ്ദുല്‍ കാഷേം പറയുന്നു.

എന്നാല്‍ നിയമാനുസൃതമായാണ് ഒഴിപ്പിക്കല്‍ നടന്നതെന്നും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമായിരുന്നു നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിനാല്‍ ബി.ജെ.പി മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആരോപണം തള്ളിയ ബി.ജെ.പി, റെയില്‍വേ ഭൂമി അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരായ നടപടിയാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും വാദിച്ചു. ഒഴിപ്പിക്കപ്പെട്ടവരെ പുനരധിവസിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ മിണ്ടിയിട്ടില്ല.

webdesk13: