ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അര്‍ദ്ധ രാത്രിയോടെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ അനില്‍ കുമാര്‍ സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ഇവിടെയുണ്ടായിരുന്ന വിലകൂടിയ രണ്ട് മൊബൈല്‍ ഫോണുകളും ആറായിരം രൂപയും കവരുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫിംഗര്‍പ്രിന്റ് ബ്യൂറോയും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അനില്‍ കുമാര്‍ രാമനാട്ടുകര ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ ഒരു സ്വകാര്യ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജോയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, സി വി രാമചന്ദ്രന്‍, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം വി ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.