അബുദാബിയില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമെ പോകാന്‍ പാടുള്ളുവെന്ന് അബുദാബി ഗതാഗതവിഭാഗം സംയുക്തസമിതി അറിയിപ്പില്‍ വ്യക്തമാക്കി. ഇവരുടെ പരമാവധി വേഗത മണിക്കൂറില്‍ 100കിലോമീറ്ററാക്കിയ പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ അമിത വേഗതയില്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ അപകടകരമായവിധത്തില്‍ പോകുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിയമവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്.
സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംയോജിത ഗതാഗത വിഭാഗം (ഐടിസി) മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക പരീക്ഷ നടത്തിയാണ് ഡെലിവറി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് അനുമതി നല്‍കുക. ഇങ്ങിനെ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് ഓരോ വര്‍ഷവും പുതുക്കുകയും വേണം.
മോട്ടോര്‍ സൈക്കിളുകള്‍ക്ക് മാത്രമായി 2,800 പാര്‍ക്കിംഗുകള്‍ അബുദാബിയിലും 200 പാര്‍്ക്കിംഗ് അല്‍ഐനിലും സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.