ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റ യു.പിയില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിലും വന്‍ ഇടിവ്. 2019ല്‍ 49.6 ശതമാനമായിരുന്ന വോട്ട് ഇത്തവണ 41.4 ശതമാനത്തിലേക്ക് താഴ്ന്നു.
പ്രധാനമന്ത്രി മത്സരിച്ച വാരാണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍, രാജ്നാഥ് സിങ്ങിന്റെ ലഖ്നോ, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ്, സ്മൃതി ഇറാനി മത്സരിച്ച അമേഠി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയുടെ വോട്ട് വിഹിതം ഇടിഞ്ഞു.
2019നെ അപേക്ഷിച്ച് ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലങ്ങള്‍ ഗൗതം ബുദ്ധ നഗര്‍, ബറേലി, കൗശാംബി എന്നിവ മാത്രമാണ്. കഴിഞ്ഞ തവണ 8.6 കോടി വോട്ട് പോള്‍ ചെയ്തപ്പോള്‍ 4.3 കോടി വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ 8.8 കോടി വോട്ട് പോള്‍ ചെയ്തപ്പോള്‍ 3.6 കോടി വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
പടിഞ്ഞാറന്‍ യു.പിയില്‍ മഥുര, അലിഗഢ്, മുസഫര്‍നഗര്‍, ഫത്തേപൂര്‍ സിക്രി തുടങ്ങിയ മണ്ഡലങ്ങളിലും കിഴക്ക് ഗൊരഖ്പൂരിലും ബി.ജെ.പിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കുറഞ്ഞു. അമേഠി, റായ്ബറേലി, അലഹാബാദ്, ഗാസിയാബാദ്, മെയിന്‍പുരി, വാരാണസി തുടങ്ങിയ മണ്ഡലങ്ങളില്‍ 50,000 മുതല്‍ ഒരുലക്ഷം വോട്ട് വരെ കുറഞ്ഞു. പ്രധാനമന്ത്രി മത്സരിച്ച വാരാണസിയില്‍ 60,000ല്‍ അധികം വോട്ടിന്റെ കുറവാണുണ്ടായത്.