ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരത്തിലേറി 48 മാസങ്ങള്‍കൊണ്ട് നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. ഇതിനായി നടത്തിയത് 42 യാത്രകള്‍. ഈ യാത്രകള്‍ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവിട്ടത് 355 കോടി രൂപ.
അതായത് 165 ദിവസങ്ങള്‍ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിലായിരുന്നു. വിവരാവകാശ നിയമപ്രകാരം ബംഗളൂരു സ്വദേശി നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്.
ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്. ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്ന മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരം കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.