അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ 1.2 ബില്യന്‍ ദിര്‍ഹമിന്റെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
2.9 ടണ്‍ മയക്കുമരുന്നുകളും 1.4 ദശലക്ഷം ലഹരി ഗുളികളുമാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുന്നതിനും പിടികൂടുന്നതിനുമായി മികച്ച രീതികളാണ് അബുദാബി പോലീസ് പിന്തുടരുന്നതെന്ന് ക്രിമിനല്‍ സുരക്ഷാ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു.
ബോധവല്‍ക്കരണ പദ്ധതികള്‍ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും പോലീസുമായുള്ള വ്യക്തികളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ക്രിമിനല്‍ സെക്യൂരിറ്റി മേഖലയിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹെര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. മയക്കുമരുന്ന് എന്ന മഹാവിപത്തിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമാന്‍ ഫോണ്‍ സേവനമായ 8002626 വഴി അറിയിക്കണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.