X

ഇ.എം.എസ് ഒന്ന് പറയുക, ഗോവിന്ദന്‍ മറ്റൊന്നു പറയുകയെന്ന രീതി കോണ്‍ഗ്രസിനില്ല: വി.ഡി സതീശന്‍

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇ.എം.എസ് ഒരു കാലത്തും ഏക സിവില്‍ കോഡിന് എതിരായിരുന്നില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്റെ പുസ്തകത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടത്. ഇ.എം.എസിന്റെയും സി.പി.എം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സി.പി.എമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ? സി.പി.എമ്മിന്റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാകുമോ?

ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സി.പി.എം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നത്. യു.ഡി.എഫ് സുശക്തമാണ്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സി.പി.എമ്മിന് നല്‍കാനുള്ളത് അദ്ദേഹം തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമാണ്. ഇപ്പോള്‍ അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അപ്പോള്‍ പറയാം.

സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും? നരേന്ദ്ര മോദിക്ക് പഠിക്കുകയും രാജ്യത്തെ നിയമ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയും ഏക സിവില്‍ കോഡിന്റെ പേരില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ വരുന്നവരെയും ഞങ്ങള്‍ കൂടെയിരുത്തില്ല.

സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എം.വി ഗോവിന്ദന്‍ ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. അവ്യക്തത സി.പി.എമ്മിനാണ്. ഇ.എം.എസും സി.പി.എം നേതാക്കളുമൊക്കെ പറഞ്ഞത് അച്ചടിച്ച് വന്നിട്ടുണ്ട്. സി.പി.എമ്മാണ് മലക്കം മറിയുന്നത്. എല്ലാക്കാലത്തും ഏക സിവില്‍ കോഡിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് ആ വൈവിധ്യം നിലനിര്‍ത്തണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ഒത്തുചേരുന്ന സ്റ്റേറ്റിന് വ്യക്തി നിയമങ്ങളിലേക്കും ആചാരക്രമങ്ങളിലേക്കും ഏതറ്റം വരെ പോകാമെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ശബരിമലയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്തത്. ആചാരക്രമങ്ങളില്‍ മാറ്റം വരുത്താന്‍ സ്റ്റേറ്റ് ശ്രമിക്കരുതെന്നാണ് അന്ന് കോണ്‍ഗ്രസ് പറഞ്ഞത്. ശബരിമല ആചാരക്രമങ്ങളില്‍ കോടതി ഇടപെടരുതെന്ന അതേ നിലപാടാണ് ഏക സിവില്‍ കോഡിലും കോണ്‍ഗ്രസിനുള്ളത്. ആശയപരമായ അടിത്തറയില്‍ നിന്നു കൊണ്ടാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഇ.എം.എസ് ഒന്ന് പറയുക, ഗോവിന്ദന്‍ മറ്റൊന്നു പറയുക എന്നൊരു രീതി കോണ്‍ഗ്രസിനില്ല അദ്ദേഹം തുറന്നടിച്ചു.

മലബാറില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും ഹയര്‍ സെക്കന്‍ഡറി പ്രവേശനം കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കുട്ടികള്‍ കരയുകയാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കാത്തത്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍? കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പനിപിടിച്ച് ആശുപത്രികള്‍ നിറയുമ്പോഴും പനിക്കണക്ക് കൊടുക്കരുതെന്നാണ് നിര്‍ദ്ദേശം. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ തീരുമാനമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലും ഇപ്പോള്‍ 3400 കോടിയുടെ കടമായി. അതും പൂട്ടലിന്റെ വക്കിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി പൂട്ടാന്‍ പോകുകയാണ്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍ എന്നതാണ് ചോദ്യം അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: