X

ഇമ്രാന്റെ വിധി- എഡിറ്റോറിയല്‍

മുന്‍ രാജ്യാന്തര ക്രിക്കറ്റ് താരം പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പൂര്‍വികരുടെ പാതയിലാണെന്നാണ് അയല്‍ രാജ്യത്തു നിന്നുവരുന്ന റിപ്പോര്‍ട്ട്. പ്രതിപക്ഷമായ പാക്കിസ്താന്‍ മുസ്്‌ലിംലീഗും ഇതര പ്രതിപക്ഷ കക്ഷികളും ഇമ്രാനെതിരെ രംഗത്തുവന്നതോടെ പതിവുപോലെ പാക് രാഷ്ട്രീയം കീഴ്‌മേല്‍ മറിയുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ല എന്നത് പാക്കിസ്താന്റെ രാഷ്ട്രീയ വിധിയാണ്. ഇത്തവണ ഇമ്രാന്‍ഖാനാണ് വഴിയില്‍വെച്ച് അധികാരം വിട്ടൊഴിഞ്ഞ് പോകേണ്ടിവരുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വിശ്വാസം നേടാനായാല്‍ ഇമ്രാന് തുടരാം. അതല്ലെങ്കില്‍ മുന്‍ഗാമികളുടെ പാതയില്‍ സ്ഥാനത്യാഗംചെയ്ത് കേസുകളില്‍പെട്ട് മറ്റേതെങ്കിലും രാജ്യത്ത് അടങ്ങിയൊതുങ്ങിക്കഴിയാം. പാക്കിസ്താനിലെ ഇമ്രാന്റെ കക്ഷിയായ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയില്‍നിന്നും സഖ്യകക്ഷികളില്‍നിന്നും വിശ്വസ്തര്‍ കൊഴിഞ്ഞുപോയതാണ് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ ഇമ്രാന് കഴിയില്ലെന്ന സാധ്യതയുടെ അടിസ്ഥാനം. പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഇമ്രാനെതിരെ രംഗത്തുണ്ട്. 242 അംഗ പാര്‍ലമെന്റില്‍ 173 പേരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് ആവശ്യമാണ്. എന്നാല്‍ 152 പേരുടെ മാത്രം പിന്തുണയേ നിലവില്‍ ഇമ്രാനുള്ളൂ. സഖ്യകക്ഷികളിലെ പലരെയും മന്ത്രിമാരെയുംപോലും കഴിഞ്ഞദിവസങ്ങളില്‍ കാണാനില്ല. ഇതാണ് പാക് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സ്പീക്കറും സര്‍ക്കാരും അനുവദിച്ചാല്‍ ഈ മാസം ഒടുവിലോ അടുത്തമാസം ആദ്യമോ അവിശ്വാസപ്രമേയം വോട്ടിനിടും.

സൈന്യമാണ് പാക് ഭരണകൂടത്തെ എന്നെന്നും നിയന്ത്രിച്ചുനിര്‍ത്തുന്നതെന്നറിയാത്തവരുണ്ടാകില്ല. അതിന്റെ മേധാവികളാണ് മിക്ക ഭരണാധികാരികളെയും വാഴിക്കുകയും തൂത്തെറിയുകയും ചെയ്തിട്ടുള്ളത്. സുല്‍ഫിക്കറലി ഭൂട്ടോ, സിയാവുല്‍ഹഖ്, ബേനസീര്‍ഭൂട്ടോ, മുഷറഫ്, നവാസ് ഷരീഫ് എന്നിവരെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാക് സൈന്യത്തിന്റെ സ്വാധീനത്തിന് വശംവദരായിട്ടുണ്ട്. നവാസ് ഷരീഫിന് നാട്ടിലേക്ക് പ്രവേശിക്കാനാകാത്തവിധം ദുബൈയിലും മറ്റുമായി കഴിയാനായിരുന്നു വിധി. അദ്ദേഹത്തിന്റെ പി.എം.എല്‍ മുന്‍കൈയെടുത്താണ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈനിക മേധാവി ഖമര്‍ജാവേദ് ബജ്‌വക്ക് പ്രധാനമന്ത്രിയോടുള്ള താല്‍പര്യം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നവരുണ്ട്. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിലും പാക്കിസ്താനില്‍ രണ്ടഭിപ്രായമുണ്ട്. സുന്നി തീവ്രവാദികളെ നേരിടുന്നതിലും ശിയാക്കളുടെ സംരക്ഷണക്കാര്യത്തിലും ഇമ്രാന്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍. അതേസമയം യുക്രെയിനെതിരായ റഷ്യയുടെ ആക്രമണത്തില്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവും ഇമ്രാനും രണ്ടു തട്ടിലാണ്. ഇതും സൈന്യത്തിന്റെ അതൃപ്തിയും ഇമ്രാനെതിരായ നീക്കത്തിന് പിന്നിലുണ്ട്. പാക് മന്ത്രിസഭാംഗങ്ങളിലെയും പാര്‍ട്ടിയിലെയും 24 പേര്‍ പരസ്യമായാണ് ഇമ്രാനെതിരെ രംഗത്തുവന്നിട്ടുള്ളത്. പ്രതിപക്ഷത്തിന് ഇന്നത്തെ നിലയില്‍ 173 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് കേള്‍വി. യഥാര്‍ഥചിത്രം തെളിയാന്‍ വോട്ടെടുപ്പ് കഴിയണം. സൈന്യം സഹായിച്ചാല്‍ തീര്‍ച്ചയായും ഇമ്രാന് പുറത്തുപോകേണ്ടിവരും. നവാസ് തന്നെയാകുമോ വീണ്ടും പ്രധാനമന്ത്രിയാകുക എന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടില്ല. മൂന്നു തവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷരീഫാണ് വീണ്ടും വരുന്നതെങ്കില്‍ പാക്കിസ്താന്റെ സൗമ്യമുഖമാകും വീണ്ടും തെളിയുക. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായെന്ന ഖ്യാതിയുണ്ട് 72 കാരനായ ഈ പഞ്ചാബ് മുന്‍മുഖ്യമന്ത്രിക്ക്. അതേസമയം കൈക്കൂലിക്കേസ് നവാസിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. താലിബാനും ഇദ്ദേഹത്തില്‍ താല്‍പര്യമുണ്ടോ എന്ന് കണ്ടറിയണം.

വിദേശനയത്തിലെ പാളിച്ച കൂടാതെ സാമ്പത്തിക രംഗത്തിന്റെ മുരടിപ്പും ഇമ്രാനെതിരായ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ ജനത്തിലെ വലിയൊരു വിഭാഗം തന്റെ കൂടെയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. ഞായറാഴ്ച ഇസ്്‌ലാമബാദില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത ടി.ഇ.പിയുടെ റാലി തെളിയിക്കുന്നത് ഇമ്രാന്‍ പിന്നോട്ടില്ലെന്നാണ്. തന്നെ അട്ടിമറിക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഇമ്രാന്‍ പറയുമ്പോള്‍ അത് തീര്‍ച്ചയായും അമേരിക്കയെ ഉന്നമിട്ടാണ്. ഇമ്രാന്‍ അധികാരത്തിലേറിയശേഷമാണ് പാക്-അമേരിക്കബന്ധം കടുത്ത രീതയില്‍ വഷളായത്. അതില്‍നിന്ന് ഇനി പുരോഗതിയില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ റാലിയും പ്രസ്താവനയും. അതേസമയം പാക് സൈന്യത്തിന് ഒരിക്കലും അമേരിക്കയുമായി ചേരാന്‍ കഴിയില്ലെന്നതാണ് വൈരുധ്യം. ഏതായാലും അവിശ്വാസ പ്രേമയത്തിലെ വോട്ടെടുപ്പിനായി കാത്തിരിക്കുകതന്നെയാണ് ലോക രാഷ്ട്രീയം.

Test User: