ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയം വോട്ടിനിടാതെ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടിയുടെ നിയമസാധുത സംബന്ധിച്ച വിധി ഇന്നുണ്ടായേക്കും. സര്‍ക്കാറിന്റേയും പ്രതിപക്ഷത്തിന്റേയും വിചാരണ കേട്ട കോടതി വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട ഇമ്രാന്റെ നപടി ചോദ്യം ചെയ്തു നിരവധി ഹര്‍ജികളാണ് പാക് സുപ്രീം കോടതി മുമ്പാകെയുള്ളത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേ സമയം പ്രതിപക്ഷത്തിന്റെ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി നടപടിയെ പ്രസിഡന്റ് ആരിഫ് അല്‍വിയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു.
അതിനിടെ രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് 100 ഓളം വരുന്ന അക്കാദമിക്, പൗര പ്രമുഖര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതേ സമയം നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് മാത്രമാണ് പ്രതിവിധിയെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് സജ്ജമാകാനും തീയതി നിശ്ചയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിഡന്റ് ആരിഫ് അല്‍വി നിര്‍ദേശം നല്‍കി. ദേശീയ അസംബ്ലി പിരിച്ചു വിട്ടാല്‍ 90ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മൂന്നു മാസത്തിനിടെ തിരഞ്ഞെടുപ്പ് അസാധ്യമെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.