ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ ഹെത്‌രീ കെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി തലവനുമായ ഇംറാന്‍ ഖാന്‍ മൂന്നാം തവണയും വിവാഹിതനായി. ലളിതമായ ചടങ്ങില്‍ പാകിസ്താനില്‍ അറിയപ്പെട്ട ‘പീര്‍’ (ആത്മീയ ചികിത്സക) ആയ ബുഷ്‌റ മനേകയെയാണ് ഇംറാന്‍ വധുവാക്കിയത്. ബുഷ്‌റയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ വധുവിന്റെ മാതാവും ബന്ധുക്കളും പങ്കെടുത്തപ്പോള്‍ ഇംറാന്റെ സഹോദരിമാര്‍ ചടങ്ങിനെത്തിയില്ല.
ഇംറാന്‍ ഖാന്റെ താല്‍പര്യ പ്രകാരമാണ് ലളിതമായ ചടങ്ങില്‍ വിവാഹം സംഘടിപ്പിച്ചതെന്ന് പി.ടി.ഐ വക്താവ് ഇനാമുല്‍ ഹഖ് പറഞ്ഞു. പാകിസ്താനിലെ രാഷ്ട്രീയ, കായിക രംഗത്തെ പ്രമുഖര്‍ ഇംറാനും ബുഷ്‌റക്കും ഭാവുകങ്ങള്‍ നേര്‍ന്നു.
42-കാരിയായ ബുഷ്‌റയുടെ രണ്ടാം വിവാഹമാണ് ഇംറാന്‍ ഖാനുമായുള്ളത്. ഇസ്ലാമാബാദിലെ മുതിര്‍ന്ന കസ്റ്റംസ് ഓഫീസര്‍ ഖവാര്‍ ഫരീദ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
1992-ല്‍ പാകിസ്താനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇംറാന്‍ ഖാന്‍ ഇതിനു മുമ്പ് രണ്ടു തവണ വിവാഹിതനായിട്ടുണ്ട്. 1995-ല്‍ ബ്രിട്ടീഷ് കോടീശ്വരന്റെ മകളും മാധ്യമ പ്രവര്‍ത്തകയുമായ ജെമിമ ഗോള്‍ഡ്‌സ്മിത്തിനെ പാരിസില്‍ വെച്ച് ഇംറാന്‍ മിന്നുകെട്ടി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. 2004-ല്‍ ഉഭയ സമ്മത പ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജമീമ ബ്രിട്ടനിലാണ് താമസിക്കുന്നത്.
2015 ജനുവരിയില്‍ ഇംറാന്‍ റെഹം ഖാനെ വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധം പത്ത് മാസമേ നീണ്ടു നിന്നുള്ളൂ. ബുഷ്‌റ മനേക മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയതിനു ശേഷമാണ് ഇംറാന്‍ വിവാഹാഭ്യര്‍ത്ഥ നടത്തിയത് എന്ന് പി.ടി.ഐ വൃത്തങ്ങള്‍ പറയുന്നു.