X

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരം.

ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ 100 ദിവസത്തെ നേട്ടങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ ഇമ്രാന്‍ വിമര്‍ശനമുന്നയിച്ചത്.

‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിക്ക് ഞങ്ങള്‍ കാണിച്ചുകൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതികരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാക്കെതിരായി സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നത് ലോക മാധ്യമങ്ങില്‍ ചര്‍ച്ചയായിരുന്നു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടം എന്റെ കുട്ടികളെ വളഞ്ഞ് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞത്. ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നസീറുദ്ദീന്‍ ഷാ, ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നും വ്യക്തമാക്കി. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് അക്രമികള്‍ക്കുള്ളതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു നസീറുദ്ദീന്‍ ഷായുടെ പ്രതികരണം.
ഇന്ത്യന്‍ സമൂഹത്തില്‍ ഗുരുതരമായ ഒരു വിഷം കലര്‍ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നതെന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കുന്ന ഒരു കൂട്ടം ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നടുവിലാണ് അവര്‍ ജീവിക്കുന്നതെന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന ചോദ്യത്തിന് തന്റെ മക്കള്‍ക്ക് ഒരു ഉത്തരം നല്‍കാനാവില്ലെന്നും തങ്ങള്‍ അവര്‍ക്ക് അത്തരത്തിലൊരു മതമോ മതവിദ്യാഭ്യാസമോ നല്‍കിയിട്ടില്ല.
ഞാന്‍ വളരെ ദേഷ്യത്തിലാണെന്നും ശരിയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യനും ഈ അവസരത്തില്‍ ദേഷ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്ന് നസീറുദ്ദീന്‍ ഷാക്കെതിരെ സംഘപരിവാര്‍ അടക്കമുള്ള നിരവധി പേര്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് അജ്മീര്‍ സാഹിത്യോത്സവത്തില്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തിരുന്നു.

chandrika: