X

ലൈംഗികാതിക്രമങ്ങളെ പിടിക്കപ്പെടുന്നവരെ വന്ധ്യംകരിക്കണം, അല്ലെങ്കില്‍ പരസ്യമായി തൂക്കിലേറ്റണം; ഇമ്രാന്‍ ഖാന്‍

 

ഇസ്‌ലാമാബാദ്: ലൈംഗികാതിക്രമങ്ങളില്‍ പിടിക്കപ്പെടുന്നവരെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രതികളെ വന്ധ്യംകരിക്കലിന് വിധേയരാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന്‍ പ്രതികരിച്ചു. പാക് മാധ്യമമായ ചാനല്‍ 92ന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം പ്രതികളെ വന്ധ്യംകരിക്കുന്ന നിയമം പല രാജ്യങ്ങളിലും നിലവിലുണ്ട്. അതുമല്ലെങ്കില്‍ പ്രതികളെ പരസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊല്ലുകയാണ് വേണ്ടത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവ ഇത്തരം ശിക്ഷാ രീതികളോട് എതിര്‍പ്പുള്ളവരാണ്. അത് അവരുമായുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ലാഹോര്‍ നഗരത്തിന് സമീപത്ത് കാറില്‍ വച്ച് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം നടന്നത്. ഇതിന് പിന്നാലെയാണ് ഇമ്രാന്റെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ലാഹോര്‍ നഗരത്തിന് സമീപത്ത് വച്ച് സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായത്. രണ്ട് കുട്ടികളുമായി കാറില്‍ രാത്രിയില്‍ യാത്ര ചെയ്യവേ ഇന്ധനം തീര്‍ന്ന് സ്ത്രീയും കുട്ടികളും വഴിയില്‍ കുടുങ്ങിയിരുന്നു. അതിനിടെയാണ് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത്.

പ്രതിഷേധം കനക്കുന്നതിനിടെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫഖ്ത് അലിയെന്ന ആളാണ് അറസ്റ്റിലായത്. ആണ്‍ തുണയില്ലാതെ രാത്രിയില്‍ പുറത്തു പോയ സ്ത്രീയെ കുറ്റപ്പെടുത്തി ലാഹോര്‍ പൊലീസ് തലവന്‍ ഉമര്‍ ഷെയ്ഖ് പരസ്യ പ്രസ്താവന നടത്തിയതും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അതിനിടെയാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണങ്ങള്‍.

 

web desk 1: