മക്ക: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അപമാനിച്ചുവെന്നാരോപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശം. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപേറഷന്റെ (ഒ.ഐ.സി) മക്കാ ഉച്ചകോടിക്കിടെ സൽമാൻ രാജാവിനോട് സംസാരിക്കുമ്പോൾ ഇംറാൻ അപമര്യാദ കാണിച്ചുവെന്നാണ് ആക്ഷേപം. ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
ആഢംബര കാറിൽ വന്നിറങ്ങിയ ശേഷം ഉച്ചകോടി വേദിയിലെ റെഡ് കാർപറ്റിലൂടെ നടന്നുകയറിയ ഇംറാൻ ഖാൻ നേരെ ചെന്ന് സൽമാൻ രാജാവിനെ ഹസ്തദാനം ചെയ്തു. എന്നാൽ, പിന്നീട് രാജാവിനോട് സംസാരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ദ്വിഭാഷിയുടെ മുഖത്തുനോക്കിയാണ് പാക് പ്രധാനമന്ത്രി പിന്നീട് കാര്യമായി സംസാരിച്ചത്. അവസാനം, താൻ പറഞ്ഞതിന് മറുപടി പോലും കേൾക്കാൻ കാത്തുനിൽക്കാതെ ഇംറാൻ നടന്നകലുന്നതും സൗദി ഗസറ്റ് പുറത്തുവിട്ട വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വിവിധ ഫുട്ടേജുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആർ.ടി (റഷ്യൻ ടെലിവിഷൻ), മിഡിൽ ഈസ്റ്റ് മോണിറ്റർ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇത് വാർത്തയായി. ഇംറാന്റെ പെരുമാറ്റത്തിൽ രാജാവ് അനിഷ്ടം കാണിച്ചുവെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ഉച്ചകോടിക്കിടെ ഇംറാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
താൻ പ്രധാനമന്ത്രിയായ ശേഷം സൗദി അറേബ്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായി എന്ന് ഇംറാൻ ഖാൻ പലതവണ അവകാശപ്പെട്ടിരുന്നു. 2018-ൽ പാകിസ്താന് 600 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സൗദി നൽകിയിരുന്നു. മുഹമ്മദ് ബിൻ സൽമാൻ സൗദി സന്ദർശിച്ചപ്പോൾ 1000 കോടിയുടെ എം.ഒ.യുവിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു.