X

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. ഇക്കഴിഞ്ഞ 28-ന് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കള്‍ സജ്ജീകരിച്ചത് ഓസ്‌കാര്‍ ഇവന്റ്‌സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

webdesk17: