കണ്ണൂരിലെ മട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്‍ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്‍ ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്‍ക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.