കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.
സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.
ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.
എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.