കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തി ആകാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നാദാപുരം കടമേരി ആര്‍എസി എച്ചഎസ്എസിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇസ്മയില്‍ ആണ് അറസ്റ്റില്‍ ആയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരായ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയോടും ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു ആള്‍മാറാട്ടം നടന്നത്.
പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയില്‍ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.