X
    Categories: MoreViews

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

 

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റിന് പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള നടപടികളോട് മറ്റു പ്രതിപക്ഷ കക്ഷികളും അനുഭാവം പ്രകടിപ്പിച്ചതായാണ് വിവരം. എന്‍.സി.പി അംഗങ്ങള്‍ ഇതുസംബന്ധിച്ച പ്രമേയത്തില്‍ ഒപ്പുവെച്ചതായും വിവരമുണ്ട്. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണമുന്നയിച്ച് മാസങ്ങളായിട്ടും പരമോന്നത നീതിപീഠത്തിന്റെ പ്രവര്‍ത്തനം സുതാര്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റിന് ഒരുങ്ങുന്നതെന്ന് പ്രതിപക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
പാര്‍ലമെന്റ് ആണ് ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കേണ്ടത്. ചുരുങ്ങിയത് 50 എം.പിമാരെങ്കിലും ഒപ്പുവെച്ചെങ്കില്‍ മാത്രമേ പ്രമേയം പരിഗണിക്കൂ. നിലവില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇതിലധികം അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ(എം) തുടങ്ങിയ കക്ഷികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇംപീച്ച്‌മെന്റ് നീക്കത്തെ പിന്തുണക്കാമെന്ന് നാല് കക്ഷികളും അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചന. നടപ്പു സമ്മേളനത്തില്‍ തന്നെ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. സമാന മനസ്‌കരായ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ ഇതിനായി തേടുമെന്നും പ്രതിപക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ പറഞ്ഞു.
ഇംപീച്ച്‌മെന്റ് പ്രമേയം സഭയിലെത്തിയാല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വേറിട്ട അധ്യായമായി അതു മാറും. ആദ്യമായാണ് ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം വരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യത്തോടെ ഇടപെട്ടു എന്ന ആരോപണമാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചത്. ചരിത്രം നാളെ തങ്ങളെ കുറ്റപ്പെടുത്താതിരിക്കാനാണ് ഇത്തരമൊരു തുറന്നു പറച്ചിലെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.
അടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. എന്നാല്‍ അല്‍പം കൂടി കാത്തിരുന്ന ശേഷം തീരുമാനിക്കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ സ്വീകരിച്ചിരുന്നത്. രണ്ടു മാസം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കുന്നതിനോ പരമോന്നത നീതിപീഠത്തിന്റെ പ്രവര്‍ത്തനത്തിലെ സുതാര്യത ഉറപ്പു വരുത്താനോ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയത്. ലോയ കേസിനു പുറമെ ബാബരി കേസ്, ആധാര്‍ കേസ് തുടങ്ങിയസുപ്രധാന കേസുകളെല്ലാം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. വാര്‍ത്താ സമ്മേളനം വിളിച്ച നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളൊന്നും നിശ്ചയിച്ചു നല്‍കാനും ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല.

chandrika: