വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാന്‍ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യു.എസ് പ്രതിനിധി സഭ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങുന്നത്. ‘പ്രസിഡന്റ് ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന്’ പെലോസി പറഞ്ഞു. പ്രസിഡന്റ് അല്‍പംകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ആരും നിയമത്തിന് അതീതരല്ല’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ച് ഇതിനകംതന്നെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സഭയിലെ പ്രധാനപ്പെട്ട ആറു കമ്മറ്റികളുടെ ചെയര്‍മാന്മാര്‍ ഇംപീച്ച്‌മെന്റ് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ജുഡീഷ്യറി കമ്മിറ്റിക്ക് ശുപാര്‍ശകള്‍ നല്‍കുമെന്ന് പെലോസി ഇംപീച്ച്‌മെന്റിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തില്‍ കുറിച്ചു.
എന്നാല്‍ കടുത്ത ഭാഷയിലാണ് ട്രംപ് ഈ നീക്കത്തോട് പ്രതികരിച്ചത്. ‘ഐക്യരാഷ്ട്രസഭയില്‍ വളരെ സുപ്രധാനമായൊരു ദിനമാണ് കടന്നുപോകുന്നത്. വളരെയധികം ജോലിയും അത്രതന്നെ വിജയവും. അപ്പോഴും ഡെമോക്രാറ്റുകള്‍ കൂടുതല്‍ ശ്രദ്ധ നേടാനായി കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്. എല്ലാം നശിപ്പിക്കുവാനും അപമാനിക്കുവാനും ശ്രമിക്കുകയാണ്’ എന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറുടെ നീക്കം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.
യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അപൂര്‍വവും നാടകീയവുമായ ഇംപീച്ച്‌മെന്റ് നടപടികള്‍ ട്രംപിന് ഏറെ വെല്ലുവിളിയാകും. കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ട്രംപിനെതിരെ ഒരു ഇന്റലിജന്‍സ് കമ്മ്യൂണിറ്റി വിസില്‍ബ്ലോവവര്‍ പരാതി നല്‍കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് വൈറ്റ് ഹൗസും കോണ്‍ഗ്രസും തമ്മിലുള്ള തുറന്ന പോരിന് ഇതു കാരണമാവുകയും ചെയ്തു. വിശ്വസ്തനായ വിസില്‍ബ്ലോവര്‍ നല്‍കിയ പരാതി ഗുരുതരവും ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യവുമാണെന്നും ഇരുമ്പ് ചൂടായിരിക്കുമ്പോഴാണ് അടിക്കേണ്ടതെന്ന് പെലോസി പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം തുടങ്ങി
Tags: trump