ഇന്ത്യയ്ക്ക് അകത്തും പുറത്തും സ്വരമാധുര്യത്തിന്റെ പര്യായമാണ് ലതാ മങ്കേഷ്‌കര്‍. മാസ്മരിക വശ്യതയോടെ ഹൃദയങ്ങളെ തഴുകിയും തൊട്ടുണര്‍ത്തിയും ആ ഗാനകോകിലം നിത്യതയിലേക്ക് വിടവാങ്ങിയിരിക്കുന്നു. സംഗീത ലോകത്ത് ആ ഗാനകോകിലത്തിന് മരണമില്ല. ഇമ്പമുള്ള ഓര്‍മകളിലൂടെ കാലപ്രവാഹത്തോടൊപ്പം നാദധാരയായി അവര്‍ എക്കാലവും ജീവിക്കും. കാതുകളെ കൊതിപ്പിച്ച് കൊഴിഞ്ഞുപോയ കദളിപ്പൂവിനുമുന്നില്‍ പ്രണാമം.
പതിറ്റാണ്ടുകളോളം താരതമ്യങ്ങളില്ലാത്ത ഉയരത്തില്‍ ഇന്ത്യയുടെ വാനമ്പാടിയായി ലതാ മങ്കേഷ്‌കര്‍ ജ്വലിച്ചുനിന്നു. മലയാളമടക്കം മുപ്പതിയാറോളം ഭാഷകളിലെ ഗാനങ്ങള്‍ ആ കണ്ഠത്തില്‍നിന്ന് അനായാസമായി ഒഴുകിപ്പരന്നു. നുകരുംതോറും കൊതിയോടെയും ആര്‍ത്തിയോടെയും ശ്രോതാക്കള്‍ കാത്തിരുന്ന അനുഗൃഹീത സ്വരമായിരുന്നു ലതയുടേത്. ലോകത്തിന് പരിചയമുള്ള ഇന്ത്യന്‍ ശബ്ദങ്ങളിലൊന്ന്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ പാട്ടിലൂടെ കോര്‍ത്തിണക്കി ഒരു ജനതയെ മുഴുവന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. ലതാ മങ്കേഷ്‌കറിന്റെ ജീവിതത്തോടൊപ്പമായിരുന്നു ഇന്ത്യന്‍ ഗാനാലാപനത്തിന്റെ വളര്‍ച്ചയെന്ന് പറയുന്നതാകും ശരി. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന് രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്ന സഞ്ചാര പാതകള്‍ പക്ഷെ, വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അച്ഛനില്‍നിന്ന് സംഗീതത്തിന്റെ ബാപാഠങ്ങള്‍ അഭ്യസിച്ചു. തിരിച്ചടികള്‍ക്കുമുന്നില്‍ പതറാതെ മുന്നേറിയ അവര്‍ക്കുമുന്നില്‍ അവസരങ്ങള്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.
1942ല്‍ തന്റെ പതിമൂന്നാമത്തെ വയസില്‍ പാടിത്തുടങ്ങിയ ലതാ മങ്കേഷ്‌കര്‍ ഇന്ത്യന്‍ ചലച്ചിത്ര ഗാനാലാപന രംഗത്തെ മാമൂലുകളും സങ്കല്‍പങ്ങളും പൊളിച്ചടുക്കി. അക്കാലത്ത് അഭിനേത്രിമാരായിരുന്നു ഗായികമാരായും ഉണ്ടായിരുന്നത്. സങ്കീര്‍ണമായിരുന്ന കാലഘട്ടത്തിലൂടെ സംഗീതം കടന്നുപോയപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി അനുയാത്ര നടത്തുകയായിരുന്നു ഈ ഗായിക. അതികായരായ സംഗീതസംവിധായകര്‍ നിര്‍ണയിച്ചുകൊടുത്ത സ്വരസ്ഥാനങ്ങള്‍ അനായാസം മനസ്സിലാക്കാനും അവയുടെ നൈസര്‍ഗികത അളന്നുമുറിച്ച് ആസ്വാദകര്‍ക്ക് നല്‍കാനും ലതാ മങ്കേഷ്‌കര്‍ക്ക് കഴിഞ്ഞു. ഗാനാലാപനത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി ചലച്ചിത്ര പിന്നണിഗാന മേഖലയെ സംവിധായകര്‍ കൈപിടിച്ചുയര്‍ത്തിയത് ലതയിലൂടെയാണ്. അവര്‍ക്കുവേണ്ടി മികച്ച പാട്ടുകള്‍ കരുതിവെയ്ക്കാന്‍ തുടങ്ങി. അറുപതുകളില്‍ തുടങ്ങിയ ജൈത്രയാത്ര ജീവിതാവസാനം വരെയും തുടര്‍ന്നു. മനസ്സില്‍ സംഗീതത്തിന്റെ ഓളങ്ങള്‍ തീര്‍ക്കുന്ന അനേകം ഗാനങ്ങള്‍ അവരിലൂടെ പിറന്നുകൊണ്ടിരുന്നു. ആകാശവാണിയിലൂടെ ലതയുടെ ഗാനങ്ങള്‍ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളെ മുഖരിതമാക്കി.
സംഗീത യാത്രയില്‍ മലയാളത്തെ ആശ്ലേഷിക്കാനും അനുഗ്രഹിക്കാനും അവര്‍ മറന്നില്ല എന്നത് മലയാളികള്‍ അത്യന്തം ചാരിതാര്‍ത്ഥ്യത്തോടെയാണ് ഓര്‍ക്കുന്നത്. നെല്ല് എന്ന ചിത്രത്തില്‍ അവര്‍ പാടിയ ‘കദളീ ചെങ്കദളി…’ ഇന്നും മലയാളികളുടെ കാതുകളില്‍ തേന്‍മഴ തീര്‍ത്തുകൊണ്ടിരിക്കുന്നു. ഹൃദ്യമായ ആലാപനത്തിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ വ്യത്യസ്തയാകുന്നത്. എത്ര കേട്ടാലും മടുക്കാത്ത മാധുര്യം തുളുമ്പുന്ന സ്വരത്തിലൂടെ അവര്‍ ഹൃദയങ്ങള്‍ കവര്‍ന്നു. പ്രായാധിക്യത്തിലും ചുളിവുകള്‍ വീഴാത്ത ശബ്ദത്തിലൂടെ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. ജീവിതം മുഴുക്കെയും കലക്കുവേണ്ടി സമര്‍പ്പിച്ചപ്പോള്‍ മുപ്പതിനായിരത്തോളം ഗാനങ്ങള്‍ അവരിലൂടെ ആസ്വദിക്കാന്‍ സംഗീതലോകത്തിന് ഭാഗ്യമുണ്ടായി.
ഒരുതരത്തിലും ആര്‍ക്കും അവഗണിക്കാനാകാത്ത പ്രതിഭയായിരുന്നു ലതാ മങ്കേഷ്‌കര്‍. ലോകത്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി അവര്‍ ഉയര്‍ന്നു. ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ അവരെ തേടിയെത്തി. 1962ല്‍ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ലത പാടിയ പാട്ട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ണീരണയിച്ചു. സംഗീതലോകത്തെ താജ്മഹലായി ലതാ മങ്കേഷ്‌കര്‍ ലോകത്തെ വശീകരിച്ചു. ഏഴ് പതിറ്റാണ്ടോളം അണമുറിയാതെ ഒഴുകിയ ആ സ്വരമാധുരി ഇനിയില്ല. പക്ഷെ, സംഗീതമുള്ള കാലത്തോളം ലതാ മങ്കേഷ്‌കര്‍ എന്ന അനശ്വര ഗായിക സുവര്‍ണനാദത്തിലൂടെ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കും.