യുവേഫ ചാമ്പ്യന്‍സ്‌ലീഗിലെ നിലവിലെ ജേതാക്കളായ റയലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വാങ്ങിവെച്ച വമ്പന്‍ മൂന്ന് തോല്‍വികള്‍. അതും സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍.
പരമ്പരാഗത വൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ കിംഗ്‌സ് കപ്പിന്റെ സെമി ഫൈനലിലും പിറകെ സ്പാനിഷ് ലാലീഗ പോരാട്ടത്തിലും തോറ്റത് വലിയ തകര്‍ച്ചയായി. പിന്നെ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനോടും തകര്‍ന്നു. എന്നാല്‍ ഇതെല്ലാം മറക്കുന്നതായി ഇന്നലെ ലാലീഗയില്‍ നേടിയ തകര്‍പ്പന്‍ ജയം.
പരിശീലകന്‍ സാന്‍ഡിയാഗോ സോളാരിക്ക്് പകരം മുന്‍ കോച്ച് ഹൗസേ മോറിഞ്ഞോ വരുമെന്ന ശ്രുതിയും പരക്കുന്നതിനിടെയായിരുന്നു ഇന്നലെ ലാലീഗയില്‍ റയല്‍ മാഡ്രിഡ് റയല്‍ വല്ലഡോലിഡുമായി കളിച്ചത്. തുടക്കത്തില്‍ തന്നെ വല്ലഡോലിഡ് ലീഡ് നേടിയതോടെ റയല്‍ മറ്റൊരു തോല്‍വിയാണ് മുന്നില്‍ കണ്ടത്. പക്ഷേ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകള്‍ ടീമിന് കരുത്തായി മാറി. വരാനെ, മോദ്രിച്ച് എന്നിവര്‍ കൂടി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതോടെ 4-1 നായിരുന്നു റയലിന്റെ മാനം കാത്ത ജയം.