വാഷിങ്ടണ്‍: സാമ്പത്തിക മേഖല എളുപ്പത്തില്‍ കരകയറില്ലെന്ന സൂചന നല്‍കി, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം താഴ്ത്തി. അരശതമാനമാണ് താഴ്ത്തിയത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ ഐ.എം.എഫിന്റെ പ്രവചനം.
2018ലെ സാമ്പത്തി വളര്‍ച്ച 0.3 ശതമാനം താഴ്ത്തി 7.4 ശതമാനമാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയാണ് വളര്‍ച്ചാ നിരക്ക് താഴ്ത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്ന് ഐ.എം.എഫിന്റെ വേള്‍ഡ് എകണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. 2017ല്‍ ചൈന 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏപ്രില്‍-ജൂലൈ മാസങ്ങളേക്കാള്‍ 0.1 ശതമാനം കൂടുതലാണിത്.
2018ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന സാമ്പത്തിക രംഗം എന്ന ഖ്യാതി തിരിച്ചു പിടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2018ല്‍ ചൈനക്ക് 6.5 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
1999 മുതല്‍ 2008 വരെ 6.9 ശതമാനം ആയിരുന്നു ഇന്ത്യയുടെ ശരാശരി വളര്‍ച്ച. 2009ല്‍ 8.5 ശതമാനവും 2010ല്‍ 10.3 ശതമാനവും 2011ല്‍ 6.6 ശതമാനവുമായി. 2012, 2013, 2014 വര്‍ഷങ്ങളില്‍ യഥാക്രമം 5.5, 6.4, 7.5 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച. 2015ല്‍ എട്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിട്ടുള്ളത്. 2022 ഓടെ 8.2 ശതമാനം വളര്‍ച്ചയിലേക്ക് ഇന്ത്യയെത്തുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2017ല്‍ 6.7ഉം 2018ല്‍ 7.4 ഉം ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.