വാഷിങ്ടണ്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മലയാളിയുമായ ഗീതാ ഗോപിനാഥിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു.
ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും ആദ്യ മലയാളിയുമാണ് ഗീതാ ഗോപിനാഥ്. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനായിരുന്നു ഇതിനു മുമ്പ് ഈ പദവി വഹിച്ച ഇന്ത്യക്കാരന്‍. ഡിസംബറില്‍ മൗറൈസ് ഒബ്സ്റ്റ്‌ഫെല്‍ഡ് വിരമിച്ച ശേഷമായിരിക്കും ഗീത ചുമതലയേല്‍ക്കുക.
കണ്ണൂര്‍ സ്വദേശിയാണ് ഗീത. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2001ലാണ് ഗീതാഗോപിനാഥ് പിഎച്ച്ഡി ബിരുദം നേടിയത്. വിനിമയ നിരക്ക്, ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസ്, മോണിറ്ററി പോളിസി, ഡെബ്റ്റ് ആന്റ് എമര്‍ജിങ് ക്രൈസിസ് തുടങ്ങിയ വിഷയങ്ങളില്‍ 40ഓളം ഗവേഷണ ലേഖനങ്ങള്‍ ഗീതാ ഗോപിനാഥ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.