X

ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന 12 ഡോക്ടര്‍മാര്‍ രാജിവെച്ചു

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന് ഖ്യാതിയുള്ള ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന 15 ഡോക്ടര്‍മാരില്‍ 12 പേര്‍ രാജിവെച്ചു. ഭാരം കുറഞ്ഞിട്ടില്ലെന്ന ഇമാന്റെ സഹോദരി ഷൈമ സലീം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സെയ്ഫി ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ രാജി. സഹോദരിയുടെ വാദം വ്യാജമാണെന്നും അഞ്ഞൂറ് കിലോഗ്രാമില്‍ നിന്ന് 262 കിലോ കുറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

രാജിവെക്കുന്നതായി അറിയിച്ച് ഇമാന്റെ ബാരിയാട്രിക് സര്‍ജറിയില്‍ ഉള്‍പ്പെട്ട ഡോ.അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. ആസ്പത്രിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ പ്രചാരണങ്ങളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ഇത്ര ദിവസം പിന്നിട്ടിട്ടും ഇമാന് സ്വതന്ത്ര്യമായി ചലിക്കാനോ സംസാരിക്കാനോ സാധിച്ചിട്ടില്ലെന്ന് സഹോദരി ഷൈമ പറയുന്നു. ആസ്പത്രി അധികൃതര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷൈമ പറഞ്ഞു. ആസ്പത്രി അധികൃതരുടെ വാദം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ മേനി കാണിക്കാനുള്ള തട്ടിപ്പ് മാത്രമാണെന്നും സഹോദരി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഷൈമ പുറത്തു വിട്ട വീഡിയോയിലാണ് ഇമാന് ഇപ്പോഴും തൂക്കം കുറഞ്ഞിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നത്.

chandrika: