അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന ഖ്യാതി സ്വന്തമാക്കി ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി. ഇമാന്‍ ചികിത്സയില്‍ കഴിയുന്ന അബുദാബി വിപിഎസ് ബുര്‍ജീല്‍ ആസ്പത്രി അധികൃതരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
രണ്ടര വര്‍ഷത്തിനു ശേഷം ഇമാന്‍ വൈദ്യസഹായമില്ലാതെ വായിലൂടെ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ വ്യക്തതയോടെ സംസാരിക്കാനും ആരംഭിച്ചിട്ടുണ്ട്. ഭാരം കുറയാന്‍ ആരംഭിച്ചതോടെ സന്തോഷവതിയാണ് ഇമാനെന്ന് സഹോദരി ചായ്മയും പ്രതികരിച്ചു.
500 കിലോയിലേറെ ഭാരമുണ്ടായിരുന്ന ഇമാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയിലായിരുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ സൈഫി ആസ്പത്രിയില്‍ എത്തിച്ചിരുന്നു.
ഭാരം 250ല്‍ എത്തിക്കാന്‍ സാധിച്ചെങ്കിലും ഭക്ഷണം വായിലൂടെ കഴിക്കാന്‍ സാധിക്കാത്തത് കുടുംബങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അബുദാബിയിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.
11 വയസ്സിലുണ്ടായ പക്ഷാഘാതമാണ് ഇമാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വലതുവശം തളര്‍ന്ന ഇമാന്റെ ഭാരം ക്രമാതീതമായി ഉയരുകയായിരുന്നു. സൈഫി ആസ്പത്രിയില്‍ ലഖഡാവാലയുടെ നേതൃത്വത്തില്‍ 15 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്.
ഭാരം കുറക്കാനുള്ള ചികിത്സ പൂര്‍ത്തിയായെന്നും ഇനി മടങ്ങാമെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചതോടെ സഹോദരി രംഗത്തുവന്നു. ഇന്ത്യയിലെ ചികിത്സ കൊണ്ട് ഭാരം പൂര്‍ണമായും കുറഞ്ഞില്ലെന്നായിരുന്നു അവരുടെ അവകാശ വാദം. എന്നാല്‍ ഇനിയും ഭാരം കുറച്ചാല്‍ ഇമാന്റെ ആരോഗ്യനിലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ആസ്പത്രി അധികൃതരും അറിയിച്ചു.
ഇതേത്തുടര്‍ന്ന് ഇമാന്റെ ചികിത്സിച്ച ഡോക്ടര്‍മാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് മെയ് നാലിന് അബുദാബി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടര മാസത്തെ ചികിത്സ കൊണ്ട് ഇമാന്റെ ആരോഗ്യനില കാര്യമായി പുരോഗതി കൈവരിച്ചതായാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്.
പൊട്ടിച്ചിരിച്ചും കളിച്ചും പാട്ട് പാടിയും ഇമാന്‍ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇമാനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.