ഡല്‍ഹി: വാക്‌സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ഐ.എം.എ. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.
കോവിഡിനെതിരെ രണ്ട് വാക്‌സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പ്രസ്താവനയില്‍ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ പറഞ്ഞു. രാംദേവിന്റെ അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കെതിരെ ഐ.എം.എ രംഗത്തെത്തിയതിന് പിന്നാലെയാണ് ‘ഗൂഢാലോചന സിദ്ധാന്തവുമായി’ ബാലകൃഷ്ണയുടെ പ്രതികരണം.