X

റയല്‍ വിട്ട് ഞാന്‍ എവിടെയും പോവുന്നില്ല: അന്‍സലോട്ടി

മാഡ്രിഡ്: ഇത്തവണ ലാലീഗ കിരീടമില്ല, ചാമ്പ്യന്‍സ് ലീഗുമില്ല. റയല്‍ മാഡ്രിഡിന് കഷ്ടകാലമാണ്. ഈ രണ്ട് കിരീടങ്ങളും പോയ സീസണില്‍ സ്വന്തമാക്കിയവര്‍ വലിയ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പരിശീലക സ്ഥാനത്ത് നിന്ന് കാര്‍ലോസ് അന്‍സലോട്ടി തെറിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇറ്റലിക്കാരനായ അന്‍സലോട്ടി ഇന്നലെ ഉച്ചത്തില്‍ പറഞ്ഞു- ഞാന്‍ എവിടെയും പോവുന്നില്ല. എന്നോട് തുടരാന്‍ ക്ലബ് മാനേജ്‌മെന്റ് പറഞ്ഞുവെന്ന്. ഇതോടെ അന്‍സലോട്ടിക്ക് മാറ്റമുണ്ടാവില്ലെന്ന് വ്യക്തമായി.

ഇതിനിടെ അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി പോവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഖത്തര്‍ ലോകകപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കോച്ച് ടിറ്റേ രാജി നല്‍കിയിരുന്നു. അതിന് ശേഷം ഇത് വരെ ബ്രസീല്‍ ദേശീയ സംഘത്തിന് അമരക്കാരനില്ല. തന്റെ റയല്‍ ടീം പരാജയമാണെന്ന് അദ്ദേഹം സമ്മതിക്കുന്നില്ല. ലാലീഗയും ചാമ്പ്യന്‍സ് ലീഗും പോയെങ്കിലും കിംഗ്‌സ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സീസണിലെ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ സീസണ്‍ മുന്‍നിര്‍ത്തി നേരത്തെ ഒരുങ്ങുമെന്നും സീനിയര്‍ പരിശീലകന്‍ വ്യക്തമാക്കി.

webdesk11: