X

കുരിശ്: പിണറായിയെ പരസ്യമായി എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുള്ള കൈയേറ്റവും ഒഴുപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സംശയമില്ലെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പാപ്പാത്തിച്ചോലയില്‍ സ്വകാര്യ പ്രാര്‍ത്ഥനാ സംഘം സ്ഥാപിച്ച ഭീമന്‍ കുരിശ് ദേവികളും സബ്കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂസംഘം പൊളിച്ച് നീക്കിയത്. എന്നാല്‍ സംഭത്തില്‍ കടുത്ത് എതിര്‍പ്പുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. ഇത് കുരിശ് യുദ്ധമാണോയെന്ന് ചോദിച്ച പിണറായി, വിഷയത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്നും പിണറായി പറഞ്ഞു.

അത്സമയം, കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കൊണ്ട് വി.എസ് പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിക്ക് ശക്തമായ പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. അതേസമയം, കുരിശ് പൊളിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് വിഎസ് പ്രതികരിച്ചില്ല.

chandrika: