മലപ്പുറം: രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാല്‍ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ആലോപ്പതി മരുന്നിന്റെ അനധികൃത വില്‍പ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്ക്സ് ആക്റ്റ്, 1940 റൂള്‍സ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ബോഡി ബില്‍ഡേഴ്സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റര്‍മിന്‍ സള്‍ഫേറ്റ് (Mephentermin Sulphate) എന്ന ഇഞ്ചക്ഷനാണ് ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാല്‍ വില്‍പ്പന ബില്ലുകള്‍ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. ജിമ്മുകളില്‍ നല്‍കുവാന്‍ ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.
രക്തസമ്മര്‍ദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നാണ് മെഫെന്റര്‍മിന്‍ സള്‍ഫേറ്റ് (Mephentermin Sulphate). ഷെഡ്യൂള്‍ ഒ വിഭാഗത്തില്‍ പെടുന്നതും ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം നല്‍കുന്ന ഇന്‍ജെക്ഷന്‍ രൂപത്തിലുള്ള മരുന്നാണിത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള മരുന്നിന്റെ അനിയന്ത്രിത ഉപയോഗം ഹൃദയാഘാതം, ഉറക്കമില്ലായ്മ, മാനസികപ്രശ്നം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. 17,000 രൂപയുടെ മരുന്നും പര്‍ച്ചേസ് രേഖകളും സ്ഥാപനത്തില്‍ നിന്നും കണ്ടെടുക്കുകയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മലപ്പുറം ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി നിഷിത്, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്‍. അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരിക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന അലോപ്പതി മരുന്നുകളുടെ അനധികൃത വില്‍പ്പന നിരീക്ഷിച്ചു വരുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.