X

കോവളം കടൽത്തീരത്ത് അനധികൃത പാറപൊട്ടിക്കൽ; പിന്തുണച്ച് സിപിഎമ്മും പൊലീസും

കോവളം കടല്‍ത്തീരത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മിന്റെയും പൊലീസിന്റെയും പിന്‍തുണയില്‍ അനധികൃത പാറപൊട്ടിക്കല്‍. കോവളത്തെ കെടിഡിസി റിസോര്‍ട്ടിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പാറ പൊട്ടിക്കുന്നത്. തീരദേശ സംരക്ഷണ നിയമങ്ങളെ ഒക്കെ കാറ്റില്‍ പറത്തിയാണ്‌ പാറപൊട്ടിക്കല്‍ തുടരുന്നത്.

കോവളം കടല്‍ത്തീരത്തെ കെടിഡിസി റിസോര്‍ട്ടിന് പുറകുവശത്തായിട്ടാണ് അനധികൃതമായി പാറ പൊട്ടിക്കുന്നത് . സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏകദേശം 50 സെന്റോളം വരുന്ന സ്ഥലത്താണ് നിര്‍ബാധം പാറ പൊട്ടിക്കല്‍ തുടരുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയില്‍ പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ഇവിടെ തീരദേശ സംരക്ഷണ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പാറപൊട്ടിക്കുന്നത്.

കടലിനോട് ചേര്‍ന്ന മേഖലയായതിനാല്‍ പാറ പൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി ലോഡ് പാറ ഇവിടെനിന്ന് പൊട്ടിച്ച് കടത്തിക്കഴിഞ്ഞു. കടലാക്രമണവും കടല്‍ കയറ്റവും നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന മേഖലയിലാണ് പാറ പൊട്ടിക്കല്‍ തുടരുന്നത്. അനധികൃത പാറ പൊട്ടിക്കല്‍ നിയന്ത്രിക്കുവാന്‍ കര്‍ശന നടപടി വേണമെന്നാവശ്യം ശക്തമാവുകയാണ്.

webdesk13: