അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കസ്റ്റംസ് കോഴിക്കോട് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ആര്‍ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വര്‍ഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും വിധിച്ചത്. സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ ആണ് കേസില്‍ വിധി പറഞ്ഞത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തത്.