X

വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍; ഉടമയില്‍നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കമ്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്‍ക്കു പിഴയീടാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍ഇഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്‌ലാഷ് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടമയില്‍നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 13ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മോട്ടോര്‍ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടതെന്നും ഇങ്ങനെ നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും വഴിയാത്രക്കാരുടെയും ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കാന്‍ ശേഷിയുള്ള ഇത്തരം ലൈറ്റുകള്‍ എഐഎസ്-008 (ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്) നിഷ്‌കര്‍ഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നവയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഓരോ കുറ്റത്തിനുമാണ് 5,000 രൂപ ഈടാക്കുന്നത്. കൂടാതെ, വാഹനത്തിന്റെ ഉയരം, നീളം, വീതി തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതിനും പിഴയീടാക്കാമെന്നും ഉത്തരവില്‍.

 

webdesk14: