X

ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കല്‍, ചേളന്നൂരില്‍ പ്രതിഷേധം രൂക്ഷം, സ്ത്രീകളെ പൊലീസ് ചവുട്ടിയെന്ന് പരാതി

കോഴിക്കോട് : ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കുന്നതിനെ ചൊല്ലി ചേളന്നൂരില്‍ വന്‍ പ്രതിഷേധം. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നാട്ടുകാരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു.

ജനകീയ സമരസമിതി രൂപീകരിച്ചാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധം നടത്തുന്നത്. മണ്ണെടുക്കാനെത്തിയ ലോറിയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ചേളന്നൂരില്‍ നിന്നാണ് മണ്ണ് എടുക്കുന്നത്. മുന്‍പും ഇതേ ചൊല്ലി പ്രശ്‌നമുണ്ടായപ്പോള്‍ കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി. പ്രതിഷേധക്കാരോട് ക്രൂരമായ അക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയടക്കം പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. സ്ത്രീകളെ പൊലീസ് ചവുട്ടിയെന്നും പരാതിയുണ്ട്.

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ ആരംഭിച്ചത്. അനുവദനീയമായ അളവിലും ഇവിടെനിന്ന് മണ്ണ് മാറ്റിക്കഴിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം തുടരുന്നത്.

webdesk18: