നിലമ്പൂരിൽ ചാലിയാർ പുഴയുടെ മമ്പാട് ടൗൺ കടവിലെ ‘സ്വർണ ഖനനം’ പൊലീസ് തടഞ്ഞു. നിലമ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് നടപടി ശക്തമാക്കിയത്. സ്വർണഖനനത്തിന് ഉപയോഗിച്ചിരുന്ന ഒമ്പത് മോട്ടോറുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. അഞ്ച് എച്ച്.പിയിൽ കൂടുതൽ പവറുള്ള ഒമ്പത് മോട്ടോറുകളും സ്വർണം കുഴിച്ചെടുക്കാൻ ഉപയോഗിക്കുന്ന പിക്കാസ് ഉൾപ്പടെയുള്ള മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ചെറിയ തോതിൽ ഉപജീവനത്തിനായി ആളുകൾ ഇവിടെ മണൽ അരിച്ച് സ്വർണം ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ വലിയ സംഘങ്ങളായെത്തി സ്വർണം കുഴിച്ചെടുക്കുന്ന രീതി വ്യാപിപ്പിക്കുകയായിരുന്നു. പുഴയിൽ വലിയ കുഴികൾ ഉണ്ടാക്കിയുള്ള ഖനനം പുഴയുടെ സ്വഭാവികത നഷ്ടപ്പെട്ടുത്തിയിട്ടുണ്ട്.
വലിയ കുഴികൾ അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. കുളിക്കാൻ ഇറങ്ങുന്നവർ ഉൾപ്പെടെ കുഴികളിൽ അപകടത്തിൽപ്പെടുന്നുണ്ട്. സ്വർണഖനനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കുമെന്ന് പൊലീസ്.