മലപ്പുറം: വി.ഐ (വോഡാഫോണ്‍-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി. പെരിന്തല്‍മണ്ണ സ്വദേശി നാലകത്ത് അബ്ദുള്‍ റഷീദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 19 വര്‍ഷമായി സ്വന്തം ആവശ്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്നതായിരുന്നു കണക്ഷന്‍. ഇടക്ക് വിദേശത്ത് പോകേണ്ടി വരുമ്പോഴെല്ലാം ബന്ധപ്പെട്ട രാജ്യത്തേക്കുള്ള റോമിങ് പാക്കേജ് ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. 2018 നവംബറില്‍ മൗറീഷ്യസിലേക്കുള്ള യാത്രയുടെ ഭാഗമായി 2,999 രൂപയുടെ ഏഴ് ദിവസത്തേക്കുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്ന യാത്രക്കാരന് 2,34,244 രൂപയുടെ ബില്ലാണ് കമ്പനി നല്‍കിയത്. പരാതിക്കാരന്‍ ഉപയോഗിച്ച പാക്കേജില്‍ മൗറീഷ്യസ് ഉള്‍പ്പെടില്ലെന്നും തെറ്റായ പാക്കേജ് ഉപയോഗിച്ചത് പരാതിക്കാരന്റെ തന്നെ വീഴ്ചയാണെന്നും ഇതു സംബന്ധിച്ച ബ്രോഷറില്‍ മൗറീഷ്യസ് ഇല്ലെന്നുമാണ് മൊബൈല്‍ കമ്പനി ബോധിപ്പിച്ചത്.
എന്നാല്‍ പാക്കേജ് സംബന്ധമായി ഇന്റര്‍നെറ്റില്‍ വന്ന പരസ്യത്തില്‍ മൗറീഷ്യസ് ഉള്‍പ്പെടുന്നുവെന്ന് രേഖാമൂലം പരാതിക്കാരന്‍ ബോധിപ്പിച്ചു. മാത്രമല്ല ഡാറ്റാ ഉപയോഗം പരിധിയില്‍ കവിയുമ്പോള്‍ ഉപഭോക്താവിനെ എസ്.എം.എസ് വഴിയോ യു.എസ്.എസ്.ഡി വഴിയോ അറിയിക്കണമെന്ന് ടെലകോം റഗുലേറ്ററി അതോറിറ്റി വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ബില്ല് റദ്ദാക്കുന്നതിനും പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ വിധിച്ചത്. കോടതി ചെലവായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി സംഖ്യയിന്മേല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.