X

1-3 നിന്ന് 4-3 ലേക്ക്!, ക്ലാസിക് തിരിച്ചുവരവുമായി ഗോകുലം കേരള

ഐ ലീഗില്‍ ഇന്ന് നടന്ന ഗോകുലം കേരള- പഞ്ചാബ് എഫ്‌സി മത്സരത്തില്‍ കാണാനായത് ഗോകുലത്തിന്റെ ഒരു ക്ലാസിക് തിരിച്ചുവരവ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-3 എന്ന സ്‌കോറിന് പിറകില്‍ ആയിരുന്ന ഗോകുലം കളി അവസാനിക്കുമ്പോള്‍ 4-3ന്റെ വിജയിച്ചു. ഇതോടെ ഈ സീസണിലെ ആദ്യ ജയവും ഗോകുലം സ്വന്തമാക്കി.

ഡിഫന്‍സീവ് പിഴവുകളുടെ പരമ്പര കണ്ട മത്സരത്തില്‍ ആദ്യ 25 മിനുട്ടില്‍ തന്നെ ഗോകുലം കേരള രണ്ട് ഗോളിന് പിറകിലായി. 17 ആം മിനുട്ടിലും 25ആം മിനുട്ടിലും ചെഞ്ചോ ആണ് പഞ്ചാബിനായി ഗോള്‍ നേടിയത്. 27ആം മിനുട്ടില്‍ അഡ്ജയിലൂടെ ഒരു ഗോള്‍ മടക്കി ഗോകുലം കേരള പ്രതീക്ഷ തിരിച്ചു കൊണ്ടുവന്നു എങ്കിലും ആദ്യ പകുതിക്ക് മുമ്പ് നൊങ്‌റത്തിലൂടെ പഞ്ചാബ് എഫ് സി മൂന്നാം ഗോളും നേടി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ 3-1ന് പഞ്ചാബ് മുന്നില്‍.

രണ്ടാം പകുതിയില്‍ 53ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ഗോകുലം കേരള സ്‌ട്രൈക്കര്‍ ആന്റ്വി നഷ്ടപ്പെടുത്തിയതോടെ ഇന്ന് ഗോകുലം കേരളയുടെ ദിവസമല്ല എന്ന് തോന്നി. പക്ഷെ കളിക്കാര്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. പെനാല്‍റ്റി നഷ്ടമാക്കിയതിന് ഇരട്ട ഗോളുകളുമായി ആന്റ്വി പരിഹാരം ചെയ്തു. 69ആം മിനുട്ടിലും 73ആം മിനുട്ടിലും ഗോള്‍ വന്നതോടെ സ്‌കോര്‍ 3-3 എന്നായി. 75ആം മിനുട്ടില്‍ സെല്‍ഫ് ഗോള്‍ കൂടെ ഗോകുലം കേരളയ്ക്ക് അനുകൂലമായി വീണു. 4-3 എന്ന ക്ലാസിക് തിരിച്ചുവരവ് ഇതോടെ ഗോകുലം കേരള പൂര്‍ത്തിയാക്കി. ജയത്തോടെ 3 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് എത്താന്‍ ഗോകുലം കേരളക്ക് ആയി.

 

Test User: