X
    Categories: FilmNews

കണ്ഠമിടറി ഇളയരാജ വിളിച്ചു; തിരികെ വരാതെ ബാലു

കോവിഡ് 19 ബാധിച്ച് ചികിത്സില്‍ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയിലായിന്നു രാജ്യം മുഴുവന്‍. എന്നാല്‍ തലമുറകളെ വിസ്മയിപ്പിച്ച ആ അതുല്ല്യ പ്രതിഭ ഇനിയില്ല. അതീവ ഗുരുതരാവസ്ഥയില്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചപ്പോഴും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും. ആ പ്രാര്‍ഥനകളെ അസ്ഥാനത്താക്കിയാണ് അദ്ദേഹത്തിന്റെ ചേതനയറ്റ യാത്ര.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ചെന്നൈ എം ജി എം കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ആഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.

രണ്ടോ മൂന്നോ ദിവസത്തിനകം മടങ്ങാം എന്നായിരിക്കാം അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

ഇതിനിടെ സെപ്റ്റംബര്‍ എട്ടിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നില്ല. ഇതോടെ എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച് എ ആര്‍ റഹ്മാന്‍, കെ എസ് ചിത്ര, കമല്‍ഹാസന്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഉറ്റ സുഹൃത്തായ സംഗീത സംവിധായകന്‍ ഇളയരാജ കണ്ഠമിടറിയാണ് പ്രാര്‍ഥനയുമായി എത്തിയത്. എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാന്‍ പറയുന്ന ഒരു വീഡിയോയും ഇളയരാജ പുറത്തുവിട്ടിരുന്നു.

ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ.. നിനക്കായ് കാത്തിരിക്കുകയാണ്…നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേര്‍ന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മള്‍ തമ്മില്‍ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാല്‍ നീ എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ… വേഗം വാ…

പക്ഷേ, ഇളയരാജയുടെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കാതെ ശബ്ദം ലോകത്തിന് ബാക്കിയാക്കി യാത്രയായിരിക്കുകയാണ് എസ് പി ബി. ഇളയരാജയുടെ സംഗീതത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലിപ്പിച്ച സംഗീതഞ്ജൻ എസ്പിബിയാണ്. രാജ ഇണമിട്ട 2000 ൽ അധികം ഗാനങ്ങളാണ് എസ്പിബി പാടിയത്. ഇവയെല്ലാം എവർഗ്രീൻഹിറ്റ് ഗാനങ്ങളുമാണ്.

പാട്ടിലും ജീവിതത്തിലും കൈകോര്‍ത്തുനടന്ന ഇരുവര്‍ക്കുമിടയിലെ രസചരട് ഒരിക്കല്‍പൊട്ടിയിരുന്നു. പാട്ടുകളുടെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള ആ വിവാദങ്ങള്‍ വലിയ വാര്‍ത്തകളുമായിരുന്നു. പക്ഷേ, എസ്പിബിയുടെ സ്‌നേഹത്തിനുമുന്നില്‍ പിണക്കം തുടരാന്‍ ഇളയരാജയ്ക്കുകഴിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷത്തോളം നീണ്ട പിണക്കത്തിന് 76ാംപിറന്നാളില്‍ വിരാമമായി. എസ്പിബിയുടെ മടക്കം ഇളയരാജയുടെ ഈണത്തെക്കൂടിയാണ് അനാഥമാക്കുന്നത്.

chandrika: