ദോഹ: അമേരിക്കയെ ഫലസ്തീനികള്‍ ഒരിക്കലും മധ്യസ്ഥനായി പരിഗണക്കരുതെന്ന് പ്രമുഖ ഇസ്രാഈല്‍ ചരിത്രകാരന്‍ ഇലാന്‍ പാപ്പി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ അക്കാര്യം കൂടുതല്‍ ബോധ്യമായിരിക്കുകയാണെന്നും അല്‍ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സമാധാനത്തിന് അമേരിക്കയുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്ന് ട്രംപിന്റെ നിലപാടുകളില്‍നിന്ന് ഫലസ്തീനികള്‍ മനസ്സിലാക്കണം. ട്രംപിന്് മുമ്പുള്ള ഭരണകൂടങ്ങളും ഫലസ്തീനികളെ വഞ്ചിക്കുകയാണ് ചെയ്തത്. ഫലസ്തീന്‍ രാഷ്ട്രരൂപീകരണത്തിന് അമേരിക്കയുടെ മധ്യസ്ഥത ഉപകരിക്കുമെന്ന് ഫലസ്തീനകളെ തോന്നിപ്പിക്കുന്ന വിധം ഇരട്ടത്താപ്പ് നയമാണ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ള പ്രസിഡന്റുമാരെല്ലാം സ്വീകരിച്ചുപോന്നിരുന്നത്. ജൂതപാര്‍പ്പിട നിര്‍മാണം ഉള്‍പ്പെടെ ഫലസ്തീനിലെ സയണിസ്റ്റ് പദ്ധതികള്‍ക്കെല്ലാം കൂട്ടുനില്‍ക്കുകയാണ് യു.എസ് ചെയ്തതെന്നും പാപ്പി പറഞ്ഞു.
പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ അമേരിക്കക്കാര്‍ പറയുന്നതിന് വിപരീതമാണ് ചെയ്യാറുള്ളത്. ബില്‍ ക്ലിന്റനും ജോര്‍ജ് ബുഷും ഒബാമയും എല്ലാം അക്കാര്യത്തില്‍ ഒരുപോലെയാണ്. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ട്രംപ് പരസ്യമായി ഇസ്രാഈലിനോടൊപ്പം നില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരുമെല്ലാം ഇസ്രാഈലിനോടൊപ്പമാണ്. അമേരിക്കന്‍ ഇടപെടലോടെയുള്ള പരിഹാര മാര്‍ഗമല്ല വേണ്ടത്.
ഫലസ്തീനികളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പരിഹാരം തേടുകയും ചെയ്യുന്ന വ്യത്യസ്ത രീതിയാണ് സ്വീകരിക്കേണ്ടതെന്ന് പാപ്പി പറഞ്ഞു. ഇസ്രാഈലില്‍ ജനിച്ച ജൂത മതവിശ്വാസിയായ പാപ്പി അറിയപ്പെട്ട ഫലസ്തീന്‍ അനുകൂലിയാണ്. സ്വന്തം മണ്ണ് തിരിച്ചുപിടിക്കാനുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ ധാര്‍മിക തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ വംശീയ ഉന്മൂലനം എന്ന പേരിലുള്ള പുസ്തകമടക്കം പശ്ചിമേഷ്യയെക്കുറിച്ച് 15 ഗ്രന്ഥങ്ങള്‍ പാപ്പി രചിച്ചിട്ടുണ്ട്.